2011, നവംബർ 28, തിങ്കളാഴ്‌ച

തിളക്കുന്ന കാമം, വഴിമാറുന്ന പ്രണയം....!



തെറ്റിദ്ധരിക്കരുത്, ഞാനുദ്ദേശിച്ചത് എല്ലാ സ്ത്രീപുരുഷന്മാരെയുമല്ല...
മറിച്ച് വഴിതെറ്റി പോകുന്ന ഇന്നത്തെ തലമുറയിലെ യുവതീയുവാക്കളെയാണ്.
പ്രണയം എന്ന പവിത്രമായ വികാരത്തെ അതിന്റെ പരിശുദ്ധിയോടും കൂറോടും കൂടി കാണാത്ത, പ്രണയത്തെ കാമശമിനിയിലെക്കെത്താനുള്ള ഒരു തൂക്കുപാലമായി കാണുന്ന ഇന്നത്തെ തലമുറയോടുള്ള അടങ്ങാത്ത രോഷമാണ്.





പെണ്ണായ് പിറന്നാല്‍ പുണ്ണ്യമായ് കരുതിയ

അന്നത്തെ കാലമതെത്ര സുന്ദരം…..

പെണ്‍ മഹത്വം വാനോളം പുകഴ്ത്തിയ

അന്നത്തെ കൂട്ടര്‍ അവരെത്ര പുണ്യര്‍

നേരെ മറിഞ്ഞിന്നൊന്നു നോക്കൂ

പെണ്ണിന്‍ മഹത്വത്തിന്‍ ക്ഷതവുമേല്പിച്ച്

ഭൂമിക്കു പോലുമൊരു ഭാരമായ് തീരുന്നു

കാമവെറിയന്റെ നേത്രങ്ങള്ക്കകലെ

കാണാ മറയത്തായ് പതിയിരുന്നവള്‍

കാമകൊതിയന്റെ നോട്ടമൊന്നേറ്റാല്‍

കാമാഗ്നിയായിന്നിവളും ജ്വലിക്കുന്നു

നഗ്നമേനി കാണാന്‍ കൊതിക്കുന്നൊരുത്തനായ്

നഗ്നയായ് തീരാന്‍ മടിയില്ലിവള്‍ക്ക്

അന്തര്‍വലയന്റെ കാരുണ്യം കൊണ്ടവള്‍

എത്തുമാ നിമിഷം പരി പൂര്‍ണ നഗ്നയായ്

സിരകല്‍ളില്‍ നുരഞ്ഞു പൊങ്ങും

നിമിഷ സുഖത്തിനായ്

നാണ – മാനമതേതുമില്ലാതലയുന്ന പെണ്ണേ

ഓര്‍ക്കുക നീ ഒരു വേളയെങ്കിലും നിന്നമ്മയെ

ഭാണ്ഡം കണക്കെ ചുമന്ന് നടന്ന്

നൊന്തു പെറ്റ വൃദ്ധയാം നിന്‍ തള്ളയെ

ഓര്‍ക്കുക നീ ഒരു നിമിഷമെങ്കിലും നിന്റച്ഛനെ

രാപകല്‍ ഭേദമന്യേ നിന്നെയൂട്ടാന്‍ അന്നത്തിനായ്

പൊരുതി തഴമ്പിച്ച കയ്യും,

നടന്നലഞ്ഞു തേഞ്ഞ കാലുമായ്

പൂമുഖത്തിരിക്കുന്ന വൃദ്ധനാം നിന്‍ തന്തയെ

അമ്മ പെങ്ങള്‍ ആരെന്നറിയാതെ

പെണ്ണെന്നു കേട്ടാല്‍ തിളക്കുന്ന കാമം

ഇന്നത്തെ ആണിനും പുത്തരിയല്ല

പെണ്ണൂങ്ങളെല്ലാം ഒന്നു തന്നെന്നുള്ള

ഇന്നിന്റെ ചിന്ത……………ആണിന്റെ ചിന്ത

മാറ്റമില്ലാ തുടരുമീ പോക്ക്

നാളത്തെ തീരാ ദു;ഖമത്രെ

സംസ്കാര ശൂന്യമാം ചിന്താ വൈഭവം

തച്ചുടച്ചു വാര്‍ക്കപ്പെടേണ്ട നേര്‍

രക്തതിളപ്പും കാമവെറിയുമായ്

മാത്രമലയുന്ന നീയുമൊന്നോര്‍ക്കണം

എനിക്കുമുണ്ടമ്മ……പെണ്ണായ് ജനിച്ചൊരു കൂടപ്പിറപ്പും

പെണ്ണായ് ജനിച്ചവരുണ്ടെന്റെ കുടിലിലും

പെണ്ണിനോടെനിക്കുണ്ടു പറയുവാനേറെ

ദൈവതുല്യമാം അമ്മയാണു നീ

ശ്രേഷ്ഠവതിയാം ഭാര്യയാണ് നീ

പവിത്രമാം പെണ്ണെന്ന വാക്കിനെ

മലിനകടലിലൊഴുക്കരുതൊരിക്കലു

പ്രേമ വലയങ്ങള്ക്കപ്പുറത്ത്

കാമശമനത്തിനായ് മാത്രമലയുന്ന

വശീകരണ മന്ത്രങ്ങളിലടയിരിക്കും

അട്ടയാം ചതിയനെ കാണാ ശ്രമിക്ക നീ

പ്രായത്തിന്‍ കരുത്താല്‍

മോഹത്തിന്‍ ചിന്തയാല്‍

ഉള്ളില്‍ തിളക്കും ചോരയുടെ ചൂടിനാല്‍

മറക്കരുതൊരിക്കലും നിന്റെ മാനം….

അടിയറ വെക്കരുതതൊരുത്തന്‍റെ മുന്നിലും

കാമവെറിയനാമവന്റെയും

കാമിനിയാം നിന്റെയും

കാമയുദ്ധത്തിന്നൊടുവിലെ

അടിയമാം മലിനമായ് തീരുന്നതും നീ

പെണ്ണേ നീ തന്നെ തീര്‍ച്ച

ഫോണിലൂടൊഴുകുന്ന കാമം

ചാറ്റിലൂടായാലും തഥൈവ

അതിപ്രസരമാം സാങ്കേതിക വിപത്ത്

കാമകേളിക്കായ് മുന്‍പന്തിയില്‍

പ്രണയത്തെ പ്രണയമായ് കാണാന്‍ കഴിയണം

കാമത്തെ കാമമായ് മാറ്റി നിര്‍ത്തണം

കാമപ്രണയമായ് മാറുന്ന പ്രണയം

പ്രണയമഹത്വത്തിന്‍ കാലനായ് തീരുന്നു

നശ്വരമാം പ്രണയസങ്കല്പത്തിന്‍ മുകളില്‍

കാമത്തിന്‍ നിറം പകര്‍ന്ന സാത്താന്റെ ജനതയെ

വെറുക്കുന്നു ഞാനീ നപുംസുകങ്ങളെ

ശപിക്കുന്നു ഞാനീ സാത്താന്റെ മക്കളെ

നല്ല പിള്ളയായ് ചമയാനല്ലിത്

നേരിന്റെ ഉള്ക്കാഴ്ച തുറന്നെന്നു മാത്രം

നിജമാം പറയട്ടെ, ഇതു തന്നെ ശാപം
ഇന്നത്തെ ജനതയുടെ തീരാത്ത ശാപം..!

2011, നവംബർ 24, വ്യാഴാഴ്‌ച

മൌനത്തിന്‍ നോവ്..........!!



വാചാലയായിരുന്ന നീ പൊടുന്നനെ മൌനിയായി പോയതിതെന്ത്..?

വാചാലതയുടെ മേലങ്കിയായിരുനു നിന്റെ ഭംഗി.

നിന്നിലേക്കെന്നെ അടുപ്പിച്ചതും അതു തന്നെയെന്നതു സത്യം.

മൌനത്തിന്റെ പുറം ചട്ടയുമായ് നീ വന്നതെന്തിനു..?

ഒരുപക്ഷേ ........

മൌനത്തോടുള്ള എന്റെ വെറുപ്പോ...

അതോ മൌനമൊരുക്കുന്ന ഒറ്റപ്പെടലിന്റെ വേദനയോ..?

അറിയില്ലെനിക്കത്, ഉള്‍കൊള്ളാനാവില്ലെനിക്ക് നിന്‍ മൌനത്തെ

നിന്‍റ്റെ മൌനമേല്‍പ്പികുന്ന തീരാ വ്രണപ്പാടുകള്‍,

അഗ്നിപര്‍വതം പൊട്ടി ഒലിക്കുന്ന ചൂടുലാവപോല്‍

എന്നുള്ളില്‍ ഉരുകി ഒലിച്ചു കൊണ്ടിരിക്കുന്നതു നീ അറിയുന്നില്ലയോ..?

അതോ.............

അറിയാത്തതായ് ഭാവിക്കുന്നതൊ?

അറിയില്ല, ആരുമറിയില്ല നിന്‍ മൌനം എന്നുള്ളിലുണ്ടാക്കിയ മുറിവിന്റെ നീറ്റല്‍

ആകില്ലെനിക്ക്, ഒരിക്കലും കഴിയില്ലെനിക്ക്

നിന്‍ മുന്നിലഭിനയിച്ചു തിമിര്‍ക്കുവാന്‍

എങ്കിലും ........ഇപ്പൊ ഞാനും ഓര്‍ക്കുന്നു വെറുതേ

കണ്ട നാള്‍ മുതലേ നിന്‍ മുന്നില്‍ ഞാനും ഒന്നഭിനയിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍

ഒഴിവാക്കാമായിരുന്നെനിക്കീ നൊമ്പരത്തെ..

അന്നാരോ പറഞ്ഞ പോലെ

ഒരു തുറന്ന പുസ്തകമല്ലായിരുന്നോ ഞാന്‍ എപ്പഴും നിന്റെ മുന്നില്‍

ഇല്ലായിരുന്നൊന്നും മറക്കാനെനിക്ക്

കെട്ടഴിച്ചു തന്നു ഞാന്‍ എല്ലാം നിന്റെ മുന്നില്‍....നിനക്കായ് മാത്രം

അവിടെയും വിഡ്ഢി ഞാന്‍..

എന്നിലേക്കടുത്തെന്നെ അറിയാന്‍ ശ്രമിച്ച ഒരുവനായ് കണ്ട്

നിന്നിലേക്കടുത്ത ഞാനോ മണ്ടന്‍

ചികയുന്നു ഞാന്‍ ഇപ്പഴും

എന്തോ......എവിടെയോ.......

ചീഞ്ഞു നാറുന്നതോ അതോ...കത്തി കരിയുന്നതോ

അറിയുന്നില്ലെനിക്കത്, പക്ഷേ..........

ഒന്നുമാത്രം ഞാനറിയുന്നു

നിന്റെ മൌനമാണെന്റെ നൊമ്പരമെന്നു.

നിന്‍ മൌനം തിര്‍ത്ത മുറിവിന്റെ നോവ് എന്നുള്ളിലാകെ കത്തി പടരുമ്പഴും

വെറുക്കുന്നില്ല ഞാന്‍.......വെറുക്കുകയില്ലൊരിക്കലും നിന്റെയീ മൌനത്തെ..

ഇപ്പഴും...............

കരയുന്നു ഞാനെന്‍ കണ്ണുകളറിയാതെ...

ഉരുകുന്നു ഞാനെന്‍ മനമറിയാതെ...


2010, മേയ് 13, വ്യാഴാഴ്‌ച

മനുഷ്യത്വം നഷ്ടപ്പെട്ട തലമുറ നിമിത്തം സാക്ഷരകേരളത്തിന് സംസ്കാരം എന്ന വാക്ക് അന്യമാകുമ്പോള്‍.....!!!

മനുഷ്യവര്‍ഗത്തെയും മൃഗ-പക്ഷ്യാതികളേയും ഭൂമിയിലേക്ക് പടച്ചിറക്കുമ്പോള്‍ സര്‍വ്വശക്തനായ ദൈവം തമ്പുരാന്‍ രണ്ട് വര്‍ഗത്തേയും വേര്‍തിരിച്ചത് പ്രധാനമായും ഒരൊറ്റ കാര്യത്തിലാണത്രെ. മൃഗങ്ങളില്‍ നിന്നും വിഭിന്നമായി മനുഷ്യനു ചിന്തിക്കാനുള്ള വിവേകവും ബുദ്ധിയും അധികമായി നല്‍കിയത്രെ. ബുദ്ധിയും വിവെകവും മനുഷ്യനു ദാനമായ് നല്‍കുമ്പോള്‍ അതു നല്‍കിയ ദൈവം പോലും വിചാരിച്ചു കാണില്ല താനീ ചെയ്യുന്നത് ഏറ്റവും വലിയൊരു അബദ്ധമാണെന്ന്. നേരായ വഴിക്കു ഉപയോഗിക്കാനായി നല്‍കിയ ഈ ഒരു വരം ഇന്നത്തെ തലമുറ വക്രമായി ദുരുപയോഗം ചെയ്യുമ്പോള്‍ ദൈവം സ്വയം ശപിച്ചിട്ടുണ്ടാകുമെന്ന് തീര്‍ച്ച. കൊള്ളക്കും കൊലക്കും പിടിച്ചു പറിക്കും കാമശമിനിക്കും മാത്രമായി തന്റെ ചിന്തകളെയും പ്രവര്‍ത്തികളേയും തിരിച്ച് വിടുന്ന മനുഷ്യകോമരങ്ങള്‍ ഇന്നു മൃഗങ്ങളേക്കാള്‍ അധപതിച്ചിരിക്കുന്ന ദയനീയ കാഴ്ചയാണു നമുക്ക് കാണാന്‍ കഴിയുന്നത്. കേവലമൊന്നു താരതമ്യം ചെയ്യുമ്പോള്‍ നമുക്കിത് മനസ്സിലാക്കാനാകും മൃഗമേ, നീ ത്നനെയാണിന്നത്തെ മനുഷ്യനേക്കാള്‍ മികച്ചതെന്ന്.
================================================================================
ഈ ഒരു ലേഖനമെഴുതാന്‍ ഇടയായത് ഈയിടെ മനുഷ്യത്വരഹിതമായ ഒരു ദുസംഭവത്തിനു നമ്മളേവരും സാക്ഷിയായതു തന്നെയാണ്.
കോളേജധ്യാപകനായ ശ്രീമാന്‍ പ്രൊഫസര്‍ ടി.ജെ ജോസഫ് എന്ന വ്യക്തി ചെയ്ത ഒരു തെറ്റിനു പകരമായി നല്‍ക്കേണ്ടി വന്നത് അല്ലെങ്കില്‍ പകരമായി പിടിച്ചെടുത്തത് സ്വന്ത വലതു കൈപത്തിയാണ്. കോളേജില്‍ പരീക്ഷക്കു വേണ്ടി തയ്യാറാക്കിയ ചോദ്യപ്പേപ്പറില്‍ ടിയാന്‍, മുസ്ലീം സമുദായത്തെയും അള്ളാഹുവിനേയും പ്രവാചകന്‍ മുഹമ്മദ് നബിയേയും ആക്ഷേപിക്കുന്ന രീതിയില്‍ ചോദ്യാവലികള്‍ തയ്യാറാക്കി എന്നതാണ് ആരോപണം. സ്വാ‍ഭാവികമായും പ്രതിഷേധ പ്രകടനങ്ങള്‍ ഇരമ്പി. പ്ലക്കാര്‍ഡുകളും നോട്ടിസുകളും വഴിവക്കുകളില്‍ നിറഞ്ഞു. തീര്‍ച്ചയായും ഇസ്ലാം മത വിശ്വാസികളെ ഈ പ്രവര്‍ത്തി അത്ത്യന്തം വേദനിപ്പിച്ചു എന്നതില്‍ സംശയമില്ല. ഒരു ഇസ്ലാം മതക്കാരനായ എന്നെയും വേദനിപ്പിച്ചു എന്നത് സത്യം, എങ്കിലും എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ മാപ്പര്‍ഹിക്കാത്ത ഒരു തെറ്റല്ല ശ്രീമാന്‍ ജോസഫ് ചെയ്തിരിക്കുന്നത്.
ഒരാള്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിനെതിരെ നിയമപരമായി മുന്നോട്ടു പോകാന്‍ നമുക്ക് അവകാശങ്ങളും അധികാരങ്ങളുമുണ്ട്. വ്യക്തമായ നിയമാവലികള്‍ നമുക്കുണ്ട്. കോടതികളും നിയമാവലികളുമൊക്കെയുള്ള, ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന് അവരെ ശിക്ഷിക്കാം. പക്ഷേ ഇവിടെ നടന്നതോ...? കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസിന്റെ പേരില്‍, പ്രതിയായ ശ്രീ ജോസഫിനോട് ചെയ്ത ഈ ക്രൂരതയെ ഒരു തരത്തിലും ന്യായീകരിക്കാന്‍ പറ്റില്ല. കുര്‍ബാനകായി ചര്‍ച്ചിലേക്കു പോയി തിരിച്ചു വരുമ്പോള്‍ അദ്ദേഹത്തിന്റെ വണ്ടി തടഞ്ഞു നിര്‍ത്തി, മാരകായുധങ്ങളുമായ് വന്ന് സ്വന്തം പെറ്റമ്മയുടേയും കൂടപ്പിറപ്പിന്റെയും കണ്മുന്നിലിട്ട് നിഷ്കരുണം ആക്രമിക്കുകയും വലതു കൈപത്തി വെട്ടിമാറ്റുകയും ചെയ്ത നെറികെട്ട ചെറ്റത്തരത്തെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ന്യായീകരിക്കാനാകില്ല. അഞ്ചോ പത്തോ വരുന്ന ഏതെങ്കിലും കാട്ടാള നീചന്മാര്‍ ചെയ്യുന്ന ഇത്തരം കാടത്തരത്തിന് ഉത്തരവാദികളാക്കപ്പെടുന്നത് ഒരു സമൂഹം മൊത്തമാണ്. ഇസ്ലാമിന്റെ പേരില്‍, ഏതെങ്കിലുംമൊരു മുസ്ലീം നാമധേയത്തിന്റെ മറവില്‍ മാപ്പര്‍ഹിക്കാത്ത ഇത്തരം നെറികേടുകള്‍ ചെയ്യുന്നവന്‍ ഒരിക്കലും ഒരു ഇസ്ലാം മത വിശ്വാസിയായിരിക്കില്ല എന്നു സംശയഭേദമന്യേ നമുക്ക് മനസ്സിലാക്കാം. കാരണം ത്യാഗത്തിന്റെയും സഹിഷ്ണുതയുടേയും സ്നേഹത്തിന്റെയും മതമാണു ഇസ്ലാം.സര്‍വ്വശക്തനായ അള്ളാഹുവില്‍ അടിയുറച്ചു വിശ്വസിച്ച് പ്രവാചകന്‍ മുഹമ്മദ് നബിയുടെ പാത പിന്തുടര്‍ന്നു ജീവിക്കുന്നവനാണ് യദാര്‍ത്ഥ മുസ്ലീം. മതത്തിന്റെ പേരില്‍ ക്രൂരകയവിക്രയങ്ങള്‍ ചെയ്തു കൂട്ടുന്നവനെ ഒന്നു ചോദിക്കട്ടേ....
അതു മുസ്ലീമാവട്ടെ, ഹിന്ദുവാവട്ടെ, കൃസ്ത്യനാവട്ടെ....താങ്കള്‍ ഒരു വിശ്വാസിയാണെങ്കില്‍ നിങ്ങളടിയുറച്ചു വിശ്വസിക്കുന്ന ഏതു പ്രത്യയ ശാസ്ത്രത്തിലാണ് മറ്റു മതസ്ഥരെ അല്ലങ്കില്‍ നിന്റെ സഹജീവികളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്നത്...?ഖുര്‍ആനോ, ബൈബിളോ, ഗീതയോ നിനക്കനുവാദം തന്നിട്ടുണ്ടോ തെറ്റു ചെയ്തവനെ നിഷ്കരുണം ശിക്ഷിക്കുവാന്‍...?
അന്യമതസ്തന്റെ വിശ്വാസത്തിനു മുകളില്‍ വ്രണമേല്‍പ്പിക്കുന്നവന്‍ എന്നില്പെട്ടവനല്ല എന്നാണ് മുഹമ്മദ് നബി പഠിപ്പിച്ചത്. അതില്‍ നിന്നു തന്നെ വ്യക്തമല്ലേ ഇസ്ലാമിന്റെ നയം...? അതു പോലെ തന്നെ ക്ഷമയാണു ഈമാനിന്റെ പകുതി എന്നു ഖുര്‍ ആനിലൂടെ അള്‍ലാഹുവും ഉണര്‍ത്തിയില്ലേ....?ക്ഷമ കൈകൊള്ളുകയും പരസ്പരം ക്ഷമ കൈകൊള്ളുവാന്‍ ഉപദേശിക്കുകയും ചെയ്യാത്തവര്‍ മുഴുവനും ന‍ഷ്ടാത്തിലാണെന്ന് അല്ലാഹു ഖുര്‍ആനിലെ സൂറത്തുല്‍ അസ്വറിലൂടെ പ്രഖ്യാപിക്കുന്നു.പ്രവാചകന്മാരെല്ലാം തന്നെ തങ്ങളുടെ സ്വസമൂഹങ്ങളോട് പരസ്പരം ക്ഷമ കൈകൊള്ളുവാന്‍ ഉപദേശിച്ചിരുന്നു. തന്റെ സഹജീവികളോട് കരുണയോടെയും ക്ഷമയോടെയും പരസ്പര സഹായത്തോടെയും അതേതു മതസ്തരായാലും ഗോത്രവര്‍ഗങ്ങളായാലും സഹവര്‍ത്തിക്കാന്‍ അരുള്‍ ചെയ്യുന്ന ഇസ്ലാമിനെ പോലുള്ള വിശുദ്ധമായ ഒരു മതത്തിന്റെ പേരിന്റെ മറവില്‍ ചില കാപാലികന്മാര്‍ ചെയ്യുന്ന കൊള്ളരുതായ്മകള്‍ മൂലം വേദനിക്കുന്ന യദാര്‍ത്ഥ ഇസ്ലാം മത വിശ്വാസികളെ ആരും ശപിക്കരുത്. ആരും വെറുക്കരുത്.
ഒരു യദാര്‍ത്ഥ വിശ്വാസിക്ക് ഒരിക്കലും നെറികേട് ചെയ്യാന്‍ പറ്റില്ല.
================================================================================
കായലുകളും വയലുകളും മലകളും പുഴകളും മരങ്ങളും കിളികളും തോടും കാടും തിങ്ങി നിറഞ്ഞ് ഹരിതഭംഗിയാല്‍ കണ്ണുകള്‍ക്ക് വിരുന്നായി ഇന്ത്യയുടെ തെക്കെ അറ്റത്തു കിടക്കുന്ന ഒരു കൊച്ചു സംസ്ഥാനം...!!!നമ്മുടെ സ്വന്തം കേരളം....!!!
ദൈവത്തിന്റെ സ്വന്തം നാടെന്നു മാലോകര്‍ വാഴ്ത്തിയ ഈ കൊച്ചു കേരളത്തില്‍ ജനിച്ചത് ഒരു ഭാഗ്യമായി കരുതിയിരുന്നു ഇതുവരെ. കേരളീയനാണെന്നു പറയുമ്പോള്‍ അഭിമാനമായിരുന്നു മനം മുഴുക്കേ...അറബികളും മറ്റു ഇതര രാജ്യക്കാരും മലബാറിയാണോ എന്നു ചോദിക്കുമ്പൊ നെഞ്ഞും വിരിച്ചു പറയുമായിരുന്നു അതെ ഞാന്‍ മലബാറിയാണെന്ന്. അതെന്തു കൊണ്ടന്നെല്ലേ.....നൂറു ശതമാനം സാക്ഷരത കൈ വരിച്ചെന്ന് അവകാശപ്പെടുന്ന നമ്മള്‍ നമ്മുടേതായ സംസ്കാരം കൊണ്ടും മത-സാമൂഹിക സൌഹാര്‍ദ്ദത കൊണ്ടും ആദിത്യ മര്യാദ കൊണ്ടും പരസ്പര സ്നേഹ-സഹകരണങ്ങള്‍ കൊണ്ടും എന്നും മറ്റു സംസ്ഥാനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും വിദേശികള്‍ക്കും മാതൃകയായിരുന്നു. ഇന്ത്യാ മഹാരാജ്യത്തെ ഇതര സംസ്ഥാനങ്ങളെ വച്ച് താരതമ്യംചെയ്യുമ്പോള്‍ നമ്മുടെ കൊച്ചു കേര‍ളം എന്നും വേറിട്ടു നിന്രുന്നു. മറ്റു സംസ്ഥാനങ്ങലിലും നഗരങ്ങലിലും തീവ്രവാദ സംഘടനകളും ബോംബ് സ്ഫോടനങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നാള്‍ക്കു നാള്‍ അധികരിച്ച് വരുമ്പോഴും കേരളത്തില്‍ ഇതൊക്കെ വെറും നാമമാത്രമായ ഒറ്റപ്പെട്ട ചില രാഷ്ട്രീയ തര്‍ക്കങ്ങളിലും പകപോക്കലിലുമൊക്കെ മാത്രമായി ഒതുങ്ങിയിരുന്നു. പക്ഷേ വര്‍ഷങ്ങ്ല് മാറി മറിഞ്ഞപ്പോഴോ കഥയും മാറി കളിയും മാറി. ഇന്നത്തെ സ്ഥിതിയോ...? രാജ്യത്തു നടക്കുന്ന ഏതൊരു തീവ്രവാദി ആക്രമണത്തിന്റെയും പിറകില്‍ ഒരു മലയാളി ഉണ്ടെന്ന സത്യം കേരാളീയ സംസ്കാരം മുറുകെ പിടിക്കുന്ന നമ്മള്‍ ഏവരുടേയും ഉള്ളിലെ തീരാത്ത ഒരു മുറിവായി നീറികൊണ്ടിരിക്കുന്നു. രാജ്യത്തിനായി രക്തം ഒഴുക്കിയ, രാജ്യസ്നേഹം മുറുകെ പിടിച്ച് ഇന്ത്യ് മഹാ രാജ്യത്തിന്റെ പരിപൂര്‍ണ സ്വാതന്ത്ര്യത്തിനായ് പട പൊരുതിയ കേരളവര്‍മ്മ പഴശ്ശിരാജയുടേയും കുഞ്ഞാലി മരക്കാരെയും പോലെയുള്ള മഹാരഥന്മാരുടെ പാരമ്പര്യം അവകാശപ്പെടുന്ന നമ്മള്‍ കേരളീയരുടെ, രാജ്യദ്രോഹികളും പിറന്ന നാടിനെ ഒറ്റികൊടുക്കുകയും ചെയ്യുന്ന നസീറിലേക്കും ഷഫാസിലേക്കും ഉള്ള മാറ്റം അത്ത്യന്തം ഭീതി ജനിപ്പിക്കുന്ന വസ്തുതയാണ്. കേരളത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഈ അടുത്ത കാലത്താണ് ശ്രദ്ധയില്‍ പെട്ടു തുടങ്ങിയത്. അധികൃതര്‍ ശക്തമായ നടപടികളെടുത്ത് മുളയിലേ ഇതു നുള്ളി കളഞ്ഞില്ലെങ്കില്‍ സംസ്കാരമഹിമ പാടി നടക്കുന്ന നമ്മള്‍ കേരളീയര്‍ക്ക് ഒരു തീരാ ദു:ഖമായി മാറും എന്നതില്‍ സംശയമില്ല. മാറി മാറി ഭരണത്തില്‍ വരുന്ന നമ്മുടെ സര്‍കാരുകള്‍ക്കും പോലീസ് അധികാരികള്‍ക്കും ഇത്തരം നാറികളേ വളര്‍ത്തുന്നതിലുള്ള പങ്ക് ചെറുതായി കാണാന്‍ പറ്റില്ല. നിഷ്പക്ഷമായ അന്വെഷണവും തന്ത്രപരമായ നീക്കങ്ങളും നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ അധികാരികള്‍ക്ക് കഴിയട്ടെ എന്നു നമുക്ക് വെറുതെങ്കിലും പ്രാര്‍ത്ഥിക്കാം.....പക്ഷേ അധികാരികളുടെ ഭാഗത്തു നിന്നുള്ള നീക്കങ്ങള്‍ ഏതു തരത്തിലായിരിക്കുമെന്നു നമുക്ക് ഏവര്‍ക്കും നന്നായി അറിയാം....അതു കൊണ്ട് നമ്മള്‍, ഉല്‍ഭുദ്ധരായ കേരള ജനത ഇത്തരം രാജ്യദ്രോഹ പരമായ, മനുഷ്യത്വ രഹിതമായ കാട്ടാളത്തത്തിനെതിരെ ബോധവാന്മാരായിരിക്കണം. മതസൌഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് വര്‍ഗീയ വിഷവുമായി വരുന്ന ഇത്തരം വര്‍ഗ്ഗീയവാദികളേ നമ്മള്‍ തിരിച്ചറിയണം...................!!!!


ജയ് ഹിന്ദ്......!!!